വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം വെള്ളികുളങ്ങര വാട്സാപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ എ ഡിവിഷന് ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ-വനിതാ മത്സരങ്ങള്‍ വെള്ളികുളങ്ങരയില്‍ നാളെ (ബുധന്‍)
ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 മുതല്‍ മാര്‍ച്ച് രണ്ടു വരെ വെള്ളികുളങ്ങര ടൗണില്‍ തയ്യാറാക്കിയ പുത്തന്‍പുരയില്‍ ഇബ്രാഹിം ഹാജി സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
പുരുഷ വിഭാഗത്തില്‍ സായി സെന്റര്‍ കോഴിക്കോട്, വോളി ഫ്രന്‍സ് പയിമ്പ്ര, സ്വപ്ന ബാലുശ്ശേരി, ബ്രദേഴ്സ് മൂലാട്, പാറ്റേണ്‍ കാരന്തൂര്‍, ഫൈറ്റേഴ്സ് പാലങ്ങാട്, ഇരിങ്ങല്‍ ജവഹര്‍, ബ്രദേഴ്സ് വാണിമേല്‍ എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തുര്‍, വോളി ഫ്രന്‍സ് പയിമ്പ്ര, ഐപിഎം വടകര, ഫ്രന്‍സ് പി സി പാലം എന്നീ ടീമുകളും മാറ്റുരക്കും. പുരുഷ വിഭാഗത്തില്‍ ആദ്യ രണ്ടു ദിനങ്ങളില്‍ ആറു മത്സരങ്ങള്‍ ലീഗ് കം നോകൗട്ട് അടിസ്ഥാനത്തില്‍ നടക്കും. മാര്‍ച്ച് ഒന്നിന് പുരുഷ-വനിതാ വിഭാഗം സെമി ഫൈനലും രണ്ടിന് ഫൈനലും നടക്കും.
എല്ലാ ദിവസവും വൈകീട്ട് 5 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കാണികള്‍ക്ക് സൗജന്യമായി ഇരുന്ന് കളി കാണാനുള്ള അവസരം ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ പി.ശ്രീജിത്ത്, സി.എച്ച്.ഷൗക്കത്ത്, കെ. ജാസിര്‍, രാഘവന് മാണിക്കോത്ത്, സി.വി.വിജയന്, മഹറൂഫ് വെള്ളികുളങ്ങര എന്നിവര്‍ പങ്കെടുത്തു.