വടകര: ലഹരിവിരുദ്ധ കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുത്തൂര്‍ എകെജി വായനശാല ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഉത്തരകേരള വോളിബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 18 വരെ പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ചാമ്പ്യന്‍ നാരായണന് നായര്‍ സ്മാരക ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ അന്തര്‍ദേശീയ ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി താരങ്ങള്‍ അണിനിരക്കും.
ജേതാക്കള്‍ക്ക് കുനിയില്‍ വാസു സ്മാരക ട്രോഫിയും 15,000 രൂപയുടെ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാര്‍ക്ക് എകെജി സ്പോര്‍ട്സ് ക്ലബ്ബ് വക ട്രോഫിയും 10,000 രൂപയുടെ പ്രൈസ് മണിയും നല്‍കും. ജില്ലക്കകത്തും പുറത്തുമുള്ള പിഎംഎസ്സി കരിയാട്, വോളി ലവേഴ്സ് വടകര, ബ്രദേഴ്സ് ഓര്‍ക്കാട്ടേരി, ഐപിഎം മേപ്പയില്‍, ഫൈവ്സ് മദ്രാസ്, വിവണ് സ്പോട്സ് ക്ലബ്ബ്, കോഡ് പേരാമ്പ്ര, അല്ഷമാമ കുമ്മങ്കോട് എന്നീ ടീമുകള്‍ പരസ്പരം രണ്ട് പുളുകളിലായി മത്സരിക്കും. നിത്യേന വൈകുന്നേരം 6.30 നും 8.30 നും രണ്ടു മത്സരങ്ങള്‍ നടക്കും. 15, 16 തിയ്യതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലും 17 ന് സെമിയും 18 ന് ഫൈനലും നടക്കും. സമാപന ദിവസം മാസ്റ്റേഴ്സ് വോളിയും ഉണ്ടാവും.
15 ന് വൈകുന്നേരം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പ് സൊസൈറ്റി ചെയര്മാന് പാലേരി രമേശന് നിര്‍വ്വഹിക്കും.
ടൂര്ണമെന്റിന്ന് ശേഷം മധ്യവേനല്‍ അവധിക്കാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ദീര്‍ഘകാല വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് കെ.വത്സന്, ജനറല്‍ കണ്‍വീനര്‍ എം.രാജന്, കെ.സുരേഷ് കുനിയില്‍, രാഘവന് മാണിക്കോത്ത്, സി.വി.വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.