തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) ഉദ്യോഗസ്ഥനായിരുന്ന ഭാസുരേന്ദ്രബാബു സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലില്‍ അദ്ദേഹം അവതരിപ്പിച്ച ‘വര്‍ത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകന് എന്ന നിലയില്‍ ചാനല്‍ സംവാദങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ടിരുന്നു.
ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയില്‍മോചിതനായ ഭാസുരേന്ദ്രബാബു എംഎല് പ്രസ്ഥാനങ്ങളുടെ സെന്‍ട്രല്‍ റീ ഓര്ഗനൈസേഷന് കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. എംഎല് പ്രസ്ഥാനത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നക്സസല്‍ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ച അദ്ദേഹം പില്ക്കാലത്ത് സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തി. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വക്താവെന്ന നിലയില്‍ ഇടപെട്ടിരുന്നു. നിരവധി ആനുകാലികങ്ങളില്‍ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു.