എടച്ചേരി: വടകര-മാഹി കനാലിനു കുറുകെ നിര്‍മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. പശ്ചിമതീര കനാല്‍ വികസന പദ്ധതി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്ന് വേങ്ങോളി പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യത്തോടടുക്കുകയാണ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ഏറ്റവും നിര്‍ണായകമായി കണക്കാക്കുന്ന പദ്ധതിയില്‍ ഒന്നാണ് പശ്ചിമതീര ജലപാതയുടെ വികസനം. ഇതിലൂടെ ആധുനിക യാനങ്ങള്‍ ഉപയോഗിച്ചുള്ള ഗതാഗതവും വിനോദസഞ്ചാര സാധ്യതകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമില്ലാത്ത പ്രവര്‍ത്തങ്ങള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ഉദ്ഘാടന സദസിനെ അഭിസംബോധന ചെയ്ത് രജിസ്ട്രേഷന്-മ്യൂസിയം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. വേങ്ങോളി പാലത്തിന്റെ ഫലകം മന്ത്രി അനാഛാദനം ചെയ്തു.
ഇ കെ വിജയന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന് എംപി, എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ കെ രമ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. ഇന്‍ലാന്റ് നാവിഗേഷന്‍ കണ്ണൂര്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല അലോക്കന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ പത്മിനി ടീച്ചര്‍, അഡ്വ. വി കെ ജ്യോതിലക്ഷ്മി, ടി പി മിനിക, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ എം വിമല, സുരേഷ് കൂടത്താംകണ്ടി, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി സൗമ്യ, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി കെ മോട്ടി, ഷക്കീല ഇങ്ങോളി, കെ കെ ബാബു, വിവിധ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന് സ്വാഗതവും ഉള്‍നാടന്‍ ജലഗതാഗതം ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഐ വി സുശീല്‍ നന്ദിയും പറഞ്ഞു.