വടകര: ‘വടകര വര്‍ഗീയതയെ അതിജീവിക്കും’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് അലര്‍ട്ട് സംഘടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ യൂത്ത് അലര്‍ട്ട് ഒരുക്കിയത്.
കോട്ടപ്പറമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് യുവജനങ്ങള്‍ അണിചേര്‍ന്നു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ
അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്തു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമെന്ന് എ.എ.റഹീം വിമര്‍ശിച്ചു. പാലക്കാട് കാവി പുതയ്ക്കുന്ന ഷാഫി പറമ്പില്‍ വടകരയില്‍ എത്തുമ്പോള്‍ മറ്റൊരു കോടി പുതയ്ക്കുന്നു. മുസ്ലിം ലീഗിന്റെ മേലില്‍ ചാരിനില്ക്കുന്ന ചട്ടമ്പിയായി കോണ്‍ഗ്രസ് മെലിഞ്ഞുപോയെന്നും റഹീം വിമര്‍ശിച്ചു. ആര്‍എസ്എസിന്റെ പരീക്ഷണ ശാലയായ പാലക്കാട് നഗരസഭയില്‍ നാളിതുവരെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചുണ്ടോ. കാരണം അവരുടെ വോട്ട് നഷ്ടപ്പെടുമെന്നുള്ളതുകൊണ്ടാണെന്നു റഹീം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മാത്രം ഓഫീസ് തുറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയല്ല സിപിഎം. ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ ശ്രമമുണ്ടായാല്‍ നാട് വിഭജിക്കാതിരിക്കാനുള്ള പോരാട്ടത്തില്‍ ഡിവൈഎഫ്ഐ മുന്‍പന്തിയിലുണ്ടാവുമെന്നും റഹീം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മറ്റി അംഗം എം ഷാജര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിന് ദേവ് എംഎല്‍എ, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സല്, സംസ്ഥാന കമ്മറ്റി
അംഗങ്ങളായ, കെ അരുണ്‍, കെ എം നിനു, ദിപു പ്രേമനാഥ്, കെ ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.