വടകര: വിവിധ കര്‍മപദ്ധതികളുമായി വടകര റോട്ടറി രംഗത്ത്. ഇതിന്റെ ഭാഗമായി നാളെ (വ്യാഴം) പാര്‍കോ-ഇഖ്റ ഹോസ്പിറ്റലില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് റോട്ടറി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ ഒരു മണി വരെ നടക്കുന്ന ക്യാമ്പ് പൂര്‍ണമായും സൗജന്യമാണ്. താല്പര്യമുള്ളവര് ഹോസ്പിറ്റലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
റോട്ടറിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് അഞ്ചിന് ഈ വര്‍ഷത്തെ റോട്ടറി ഇന്റര്‍നാഷണല്‍ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നാലുപതിറ്റാണ്ടിലേറെയായി പത്രവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സി.സുബ്ബയ്യയ്ക്ക് സമര്‍പിക്കും. മാര്‍ച്ച് 10 ന് റോട്ടറി ബധിര സ്കൂളിന്റെ 31-ാമത് വാര്‍ഷികാഘോഷം ടൗണ്‍ഹാളില്‍ രാവിലെ 10 ന് ആരംഭിക്കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപ്രകടനങ്ങള്‍ അരങ്ങേറും.
മോട്ടോര്‍വാഹന വകുപ്പുമായി സഹകരിച്ചു കോളജ് ക്യാമ്പസുകളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്, എക്സൈസുമായി സഹകരിച്ചു മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണ ക്ലാസ്, റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചു ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനു സ്കൂളുകളിലെ ഗ്രീന്‍ ആര്‍മി യൂണിറ്റിനു പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവുമായ കൗ ഡങ്ങ് പോട്ടുകളും ബാരല്‍ കംപോസ്റ്റ് യൂണിറ്റുകളും ലഭ്യമാക്കും.
വാര്‍ത്താസമ്മേളനത്തില്‍ വടകര റോട്ടറി പ്രസിഡന്റ് ഡോ.പി.എം.സലീം, സെക്രട്ടറി ഡോ.എം.നൗഷീദ് അനി, റോട്ടറി പബ്ലിക് റിലേഷന്‍ ചെയര്മാന് കെ.ചന്ദ്രന്, കമ്യൂണിറ്റി സര്‍വീസ് ചെയര്മാന് പി.പി.രാജന് എന്നിവര്‍ പങ്കെടുത്തു.