വടകര: സദാ തിരക്ക് അനുഭവപ്പെടുന്ന വടകര മത്സ്യമാര്‍ക്കറ്റില്‍ ക്ലീനിംഗ് മുടങ്ങി. ആഴ്ചയിലേറെയമായി ക്ലീനിംഗ് നടക്കുന്നില്ലെന്ന് മത്സ്യവില്പനക്കാരും തൊഴിലാളികളും പറയുന്നു. ഇതോടെ വൃത്തിഹീനമായി മാറിയിരിക്കുകയാണ് മാര്‍ക്കറ്റ്. രൂക്ഷഗന്ധവും ഉയരുന്നു. ഇതിനിടയിലാണ് മത്സ്യവില്പന നടക്കുന്നത്.
ദിവസവും വെള്ളമൊഴിച്ച് കഴുകാന്‍ ചുമതലപ്പെട്ട നഗരസഭാ ക്ലീനിംഗ് തൊഴിലാളികള്‍ ഇക്കാര്യം ഗൗനിക്കുന്നേയില്ല. അകലെ ചോളംവയല്‍ ഭാഗത്തെ ഓവുചാലിന്റെ അറ്റകുറ്റ പണിയാണ് ഇതിനു കാരണമായി പറയുന്നത്. വെള്ളം ഒഴുകിയെത്തിയാല്‍ പ്രവൃത്തി തടസപ്പെടുമെന്ന് പറഞ്ഞ് ക്ലീനിംഗ് നിര്‍ത്തിയിരിക്കുകയാണ്. പകരം സംവിധാനമൊന്നും ചെയ്യാതെയുള്ള ഈ സമീപനത്തില്‍ മാര്‍ക്കറ്റിലെ മത്സ്യവില്പനക്കാര് അമര്‍ഷത്തിലാണ്. നേരാംവണ്ണം ക്ലീനിംഗ് ഇല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയരുകയാണ്. വെള്ളമില്ലാതെ പേരിന് ചില കാട്ടിക്കൂട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കണമെന്ന് മത്സ്യവില്പനക്കാരും തൊഴിലാളികളും ആവശ്യപ്പെടുന്നു.