വടകര: ദേശീയപാത നിര്‍മാണ ചുമതലയുള്ള അദാനി-വഗാഡ് കമ്പനിയുടെ കുറ്റകരമായ അനാസ്ഥയില്‍ ദുരിതം പേറുന്ന ചോറോട് മുട്ടുങ്ങലിലെ കുടുംബങ്ങള്‍ക്ക് സാന്ത്വനമായി യുഎല്‍സിസി രംഗത്ത്. കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം ചെയര്മാന് പാലേരി രമേശനോട് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഡയരക്ടര്‍ പ്രകാശന്റെ നേതൃത്വത്തിലുളള എന്‍ജിനിയര്‍മാരുടെയും തൊഴിലാളികളുടെയും സംഘം സ്ഥലത്തെത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ദേശീയപാതയിലെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള പ്രധാന ഓവ് പാലത്തില്‍ ചെളിയും മണ്ണും നിറഞ്ഞ് ഓവ് അടഞ്ഞതാണ് മുപ്പതിലേറെ വീടുകളില്‍ വെള്ളം കയറാന്‍ ഇടയായത്. മഴയ്ക്ക് മുമ്പ് ഓവ് വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുമെന്ന് പഞ്ചായത്തിനും ജനകീയ സമിതിക്കും വഗാഡും എന്‍എച്ച് അതോറിറ്റിയും ഉറപ്പ് നല്‍കിയെങ്കിലും നടപ്പാക്കാത്തതാണ് ദുരിതം വിതച്ചത്. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് വഗാഡ് അധികൃതര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓവ് ചാലുകളിലെ മണ്ണു നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് സ്ലാബ്കള്‍ ഇട്ട് പലയിടങ്ങളിലും ഓവ് ചാലുകള്‍ മൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സൊസൈറ്റിയെ സമീപിച്ചത്. തൊഴിലാളികള്‍ ഓവ് ചാലുകളില്‍ ഇറങ്ങി തടസങ്ങള്‍ ഒരു പരിധി വരെ നീക്കിയതോടെ വെള്ളം ഇറങ്ങിതുടങ്ങി. ജെസിബി ഉപയോഗിച്ചു ചെളിനീക്കം ചെയ്തു. ദേശീയപാതനിര്മ്മാണത്തിലുള്ള പ്രധാന ഓവുപാലത്തില്‍ വെള്ളമിറങ്ങാതെ ചെളിനീക്കം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കട്ടിയുള്ള ഇരുമ്പ് കമ്പികളും മുറിച്ചു മാറ്റേണ്ടതുണ്ട്.
വെള്ളക്കെട്ട് നേരിടുന്ന ജനങ്ങളുടെ ദുരിതമകറ്റാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് യുഎല്‍സിസിഎസ് അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ ജനപക്ഷ മുഖമുള്ള യുഎല്‍സിസിയുടെ മാതൃകാപരമായ നടപടിയെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.
സിപിഎം ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത്, ലോക്കല്‍ കമ്മറ്റിയംഗം കെ.പവിത്രന്, വാര്‍ഡംഗം റിനീഷ്, ജനകീയ സമിതി കണ്‍വീനര്‍ ജയരാജ്, ആര് വിശ്വന്, കെ പി മനോജന്, ടി ബാലന്, എം വി മനോജ്, കെ വി മോഹന്‍ദാസ്, കക്കോക്കര പവിത്രന്, ഒകെ രജീഷ്, ഇ എം അശോകന്, രമേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.