വടകര: പാനൂരില്‍ ബോംബ് പൊട്ടി ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയിലെ മുഴുവന്‍ സിപിഎം ഓഫീസുകളും റെയ്ഡ് നടത്തി ആയുധം പിടിച്ചെടുക്കണമെന്ന് യുഡിഎഫ്- ആര്‍എംപിഐ വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ ഗുരുതരമായ സാഹചര്യമാണെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ (തിങ്കള്‍) പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു
ഷാഫിയുടെ വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജനം ഭീതിയിലാണ്. സംഭവത്തില്‍ ബന്ധമില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അത് പതിവ് പല്ലവി മാത്രമാണ്. നാലു വര്‍ഷം മുമ്പ് രണ്ടു പേര് മരിച്ചപ്പോഴും പാര്‍ട്ടി തള്ളിപറഞ്ഞിരുന്നെങ്കിലും വലിയ സ്മാരകം ഉയര്‍ത്തുകയാണ് പിന്നീട് ചെയ്തത്. അണികളെ അടിമകളാക്കുന്ന രീതി പാര്‍ട്ടി നിര്‍ത്തണം. ആകസ്മികമായി പൊട്ടിയില്ലായിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. നിയോജക മണ്ഡലത്തില്‍ എല്ലായിടത്തും ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സിപിഎം. അന്വേഷണം ഫലപ്രദമല്ലെന്നും സിപിഎമ്മിന്റെ മൂട്താങ്ങികളെ പോലെയാണ് പോലീസെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ കെ.പ്രവീണ്‍ കുമാര്‍ ആരോപിച്ചു. പൊട്ടിത്തെറിച്ചത് കൊണ്ട് മാത്രമാണ് ഈ ബോംബിന്റെ കാര്യം പുറത്തറിഞ്ഞത്. മരുതോങ്കരയില്‍ ഷാഫിയെ ചെമ്പട ഗ്രൂപ്പ് അപമാനിക്കുകയും തടയുകയും ചെയ്തിരുന്നു. ചെമ്പട ഗ്രൂപ്പില്‍ പെട്ടയാളാണ് പാനൂരിലെ സ്ഫോടനത്തില്‍ മരിച്ചത്. പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ അങ്ങനെ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമോയെന്നു പ്രവീണ്‍കുമാര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി യുഡിഎഫിന് ഭയമുണ്ടെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ബോംബ്സ് ഓണ്‍ കണ്ട്രിയായി വടകര മാറുന്നുവെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു. സ്ഥാനാര്‍ഥിക്ക് കിട്ടിയിരിക്കുന്ന സ്വീകാര്യതയില്‍ സിപിഎം വിറളി പൂണ്ടിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. പ്രശ്നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.ബാലനാരായണന്‍, ഐ.മൂസ, എസ്.പി.കുഞ്ഞമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.