വടകര: പത്മജ ഇഫക്ടില്‍ വലഞ്ഞു പോയ വടകരയിലെ കോണ്‍ഗ്രസും യുഡിഎഫും ഇപ്പോള്‍ ഷാഫി പറമ്പില്‍ എംഎല്‍എയില്‍ പ്രതീക്ഷ അര്പിച്ചിരിക്കുകയാണ്. ജനനായകന്റെ മേല്‍വിലാസത്തില്‍ കെ.മുരളീധരന് ഒരിക്കല്‍ കൂടി വടകരയില്‍ പോരടിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിക്കുമെന്ന് അണികള്‍ കൊതിച്ചിരിക്കുമ്പോഴാണ് സഹോദരി പത്മജയുടെ കളംമാറ്റ നാണക്കേട്.
ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും പ്രചാരണത്തില്‍ മുന്നേറിയ സ്ഥാനാര്‍ഥിയെ മാറ്റിയ അമ്പരപ്പില്‍ നിന്ന് വടകരയിലെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കരകയറുകയാണ്. എത്രയോ നാളായി മുരളിക്കു വേണ്ടി യുഡിഎഫ് പ്രചരണത്തിലായിരുന്നു. സിറ്റിങ് എംപിമാര്‍ അതത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന നിര്‍ദേശം വന്നതോടെ മുരളി ഒരുക്കം തുടങ്ങിയിരുന്നു. നിലവില്‍ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മുരളിക്കായി ചുമരഴെുത്ത്, പോസ്റ്റര്‍, ഫ്ലക്സ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചു. മുരളിക്കു വേണ്ടിയുള്ള പ്രചരണവുമായി മുന്നോട്ട് പോകുമ്പോഴാണ് പത്മജ വരുത്തിയ പുകില്.
പക്ഷേ അതില്‍ തട്ടി നില്‍ക്കാതെ ആത്മവിശ്വാസം വീണ്ടെടുത്ത് കുതിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനവും തുടര്‍ നടപടികളും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ പത്മജ ബിജെപിയിലേക്ക് പോയതോടെ രാഷ്ട്രീയ പ്രതിരോധം കൂടി
ലക്ഷ്യമിട്ടാണ് സിറ്റിങ് എംപി കെ.മുരളീധരനെ പാര്‍ട്ടി വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റിയത്. രാഷ്ട്രീയത്തിനപ്പുറം പ്രതിഛായയുള്ള ശൈലജയെ നേരിടാനാവുന്ന കരുത്തനായ സ്ഥാനാര്‍ഥിയാണ് മുരളി എന്നതായിരുന്നു യുഡിഎഫിന്റെ ആത്മബലം. സിറ്റിങ് എംപി എന്നതിനാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മുരളി സുപരിചിതനുമാണ്. എപ്പോഴും ന്യൂനപക്ഷ നിലപാട് സ്വീകരിക്കുകയും വര്‍ഗീയതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ മുരളിതന്നെ സ്ഥാനാര്‍ഥിയാവണമെന്ന നിലപാടിലായിരുന്നു മുസ്ലിം ലീഗും. അപ്രതീക്ഷിതമായി മുരളിയെ പിന്‍വലിച്ചതോടെ യുഡിഎഫ് അങ്കലാപ്പിലായി. അതിലെ ക്ഷീണം മറികടക്കുന്നതിനാണ് ഷാഫിയുടെ വരവ്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പില്‍ എംഎല്‍എയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളാണ് എന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ഷാഫി വടകരയില്‍ പുതുമുഖമായതിനാല്‍ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ട പ്രവര്‍ത്തനം കൂടി യുഡിഎഫ് നടത്തേണ്ടിവരും. ശൈലജയാണെങ്കില് ആദ്യഘട്ട പര്യടനം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.
യുഡിഎഫ് വടകര മണ്ഡലം കണ്വന്ഷന് നാളെ
യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് നാളെ (ഞായര്‍) വൈകുന്നേരം നാലു മണിക്ക് വടകര കോട്ടപ്പറമ്പില്‍ നടക്കും. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നു കോട്ടപ്പറമ്പിലേക്കാനയിക്കും.