തലശേരി: പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മുളിയാതോടില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഷെറിന് (26), വിനീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂര്‍ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് പരിശോധന നടത്തി.