വടകര: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല തിരുനാവായ പ്രാദേശിക കേന്ദ്രത്തിലെ മലയാളം പ്രൊഫസര്‍ ഡോ. പി.പവിത്രന് ഔദ്യോഗികവൃത്തിയില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വടകരയില്‍ സുഹൃദ്സംഘം ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 11,12 തിയ്യതികളില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ റോയല്‍ ഓഡിറ്റോറിയത്തിലാണ് സെമിനാറും ഒത്തു ചേരലും. 11ന് രാവിലെ 10.30 ന് എം.മുകുന്ദന് സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അധ്യാപനമേഖലയിലും അതിലേറെക്കാലമായി മലയാളിയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിലും സജീവ സാന്നി ധ്യമാണ് വടകര സ്വദേശിയായ പി.പവിത്രന്. ശരിയെ സംബന്ധിക്കുന്ന സ്വയം ബോധ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, നിലപാടുകളില്‍ പ്രതിബദ്ധതയും കണിശതയും പുലര്‍ത്തിയ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ് പി.പവിത്രന്. അതുകൊണ്ടുതന്നെയാണ് ഈ വിരമിക്കല്‍ സന്ദര്‍ഭത്തില്‍ പവിത്രന്റെ ചിന്താലോകത്തെ മുന്‍നിര്‍ത്തി ദ്വിദിന സെമിനാറും സുഹൃദ്സംഗമവും നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും ചങ്ങാതികളും ഉള്‍പ്പെട്ട സുഹൃദ്സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മലയാള
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍.സുഷമ മുഖ്യാതിഥിയായിരിക്കും. പ്രൊഫ.കെ.പി.മോഹനന് മുഖ്യപ്രഭാഷണം നടത്തും. പി.പവിത്രന് മുഖ്യമായും വ്യാപരിച്ച മേഖലകളേയും അതില്‍ അദ്ദേഹത്തിന്റെ സംഭാവനകളേയും മുന്‍നിര്‍ത്തിയാണ് സെമിനാര്‍ നടത്തുന്നത്. സൗന്ദര്യശാസ്ത്രം, ശാസ്ത്രവും സംസ്കാര പഠനവും, മാര്‍ക്സ് ഗാന്ധി അംബേദ്കര്‍ ദര്‍ശനങ്ങള്‍, കോളനിയനന്തരവിമര്ശനം, സാഹിത്യപഠനങ്ങള്‍, പ്രാദേശിക പഠനങ്ങള്‍, ഭാഷാരാഷ്ട്രീയം തുടങ്ങിയ ആറു സെഷനുകളിലായി 13 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ.എന്‍.അജയകുമാര്‍, പ്രൊഫ.ടി.വി.മധു, പ്രൊഫ.കെ.എം.അനില്‍, പ്രൊഫ.എ.ജി.ഒലീന, ഡോ.ജി.ഉഷാകുമാരി, എം.എം.സോമശേഖരന്‍, വി.ടി.മുരളി, ബി.സുരേഷ്ബാബു തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 12ന് സെമിനാറിനുശേഷം നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ കല്പറ്റ നാരായണന്, ഡോ.ടി.വി.സജീവ്, ഡോ.ഷംഷാദ് ഹുസൈന്, പി.ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. 11 ന് രാത്രി 8 മണിക്ക് ഭാനുപ്രകാശ് നയിക്കുന്ന കോഴിക്കോടന്‍ സംഗീതസ്മൃതിയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ടി.രാജന്, കണ്‍വീനര്‍ കെ.എം.ഭരതന്, ബി.ഹിരണ്‍, ഇ.ദിനേശന് എന്നിവര്‍ പങ്കെടുത്തു.