വടകര: ന്യൂഡല്‍ഹിയില്‍ മരണപ്പെട്ട എഎസ്ഐ ചോറോട് മാങ്ങോട്ടുപാറയിലെ കാട്ടില്‍ ബിനേഷിന് നാടിന്റെ അന്ത്യോപചാരം. വ്യാഴാഴ്ച രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
എഎസ്ഐയായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷമുള്ള യോഗ്യതാപരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിനേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരണപ്പെട്ടതും. ഡല്‍ഹിയിലെ അത്യുഷ്ണത്തിനിടയില്‍ കടുത്ത ചൂടേറ്റ് ബിനേഷ് തളര്‍ന്നുവീഴുകയായിരുന്നു.
നാട്ടിലെത്തിയാല്‍ പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടാറുള്ള ബിനേഷിന്റെ ആകസ്മിക വേര്‍പാട് ഏവരേയും വേദനിപ്പിച്ചു. മരണവാര്‍ത്ത അറിഞ്ഞ് വന്‍ജനാവലിയാണ് അവസാനമായി ഒരുനോക്കുകാണാന്‍ വീട്ടിലെത്തിയത്. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് ഉള്‍പെടെ ധാരാളം പേര് അന്ത്യോപചാരം അര്‍പിക്കാനെത്തി.