വടകര: ദേശീയപാതയില്‍ അഴിയൂരില്‍ കാല്യാത്രക്കാര്ക്കും വിദ്യാര്‍ഥികള്‍ക്കും അപകടഭീഷണിയായി തണല്‍ മരച്ചില്ലകള്‍. അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഴിയൂര്‍ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് മരച്ചില്ലകള്‍ ഭീഷണിയായത്. ദേശീയപാത മൂടിയ നിലയിലാണ് തണല്‍ മരത്തിന്റെ ചില്ലകള്‍. ചുങ്കം ടൗണിലെ മരചില്ലകള്‍ റോഡില്‍ അടര്‍ന്ന് വീഴുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയുടെ വക്കില്‍ മരച്ചില്ലകള്‍ അപകടക്കുരുക്കായി മാറിയിട്ടും മുറിച്ചുമാറ്റാന്‍ നടപടിയുണ്ടായിട്ടില്ല. അഴിയൂര്‍ സ്കൂളിന് മുന്‍വശത്തെ ബസ് സ്റ്റോപ്പിന് സമീപത്തും മരങ്ങള്‍ അപകടക്കാഴ്ചയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് മരച്ചില്ലകള്‍ക്ക് കീഴിലാണ്. ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും. കഴിഞ്ഞ ദിവസം മരത്തിന്റെ ചില്ലകള്‍ പൊട്ടിവീണ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കാലവര്‍ഷമായതിനാല്‍ കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകള്‍ പൊട്ടിവീഴാന്‍ സാധ്യതയേറെയാണ്. മരച്ചില്ലകള്‍ റോഡില്‍ അടര്‍ന്ന് വീഴുന്ന സംഭവം വില്ലേജ് വികസന സമിതിയില്‍ ഉള്‍പ്പെടെ
പലതവണ പരാതി പ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കി സംരക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.