കൊയിലാണ്ടി: ഉണ്ട ചോറിനും പകര്‍ന്ന സ്നേഹത്തിനും നന്ദികാണിക്കുന്നതില്‍ മുന്‍ നിരയിലാണ് നായകള്‍ എന്നാണ് പറയാറ്. കഴിഞ്ഞ ദിവസം കൊരയങ്ങാട് സ്വദേശി തെക്കെ തലക്കല്‍ ഷിജുവിനുണ്ടായ അനുഭവവും വ്യത്യസ്തമല്ല. മകളെ ട്രെയിന്‍ കയറ്റാനായി ഭാര്യയോടൊപ്പം കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് സമീപം എത്തിയതായിരുന്നു ഷിജു. ഭാര്യയും മകളും സ്റ്റേഷനിലേക്ക് പോയപ്പോള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm.jpeg?resize=567%2C533&ssl=1)
ശ്രമത്തിനിടെയാണ് ഒരു തെരുവ് പട്ടി തനിക്ക് ചുറ്റും വാലാട്ടി കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. സ്കൂട്ടറിന് ചുറ്റും ഓടി നടന്നും സ്നേഹത്തോടെ ഷിജുവിനെ വലം വെച്ചുമുള്ള പട്ടിയുടെ അതിയായ സ്നേഹപ്രകടനം സ്റ്റേഷനു പുറത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കൗതുക കാഴ്ചയായി. പെട്ടെന്നാണ് ഷിജുവിന്റെ ഓര്‍മയിലേക്ക് മൂന്നു വര്‍ഷം മുമ്പുള്ള സംഭവം ഓടിയെത്തിയത്. തന്റെ വീടിനു സമീപം ഒരു തെരുവ് പട്ടിക്ക് കാലിന് പരിക്കേറ്റപ്പോള്‍ ചികിത്സയും ഭക്ഷണവും നല്കി പരിചരിച്ചിരുന്നു. വേദന കൊണ്ട് പുളഞ്ഞ അവന് അത് ഏറെ ആശ്വാസമായി. ഏറെ ദിവസം കഴിഞ്ഞ് അസുഖം ഭേദമായതോ അവന് നന്ദിയോടെ വലാട്ടി തെരുവിലേക്ക് ഓടി മറയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആപത്തില്‍ നിന്നു രക്ഷിച്ചതിന് ഒരിക്കല്‍ കൂടി നന്ദി പറയാനാണ് ആ തെരുവ് നായ എത്തിയതെന്ന് ഷിജു അപ്പോഴാണ് തിരിച്ചറിഞ്ഞത്. പയ്യോളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ.ആണ് ഷിജു.
-സുധീര്‍ കൊരയങ്ങാട്