കൊയിലാണ്ടി: കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടല്‍ക്ഷോഭത്തെ തുടര്‍ന്ന് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡിന് നടുവില്‍ പലയിടങ്ങളിലായി വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും റോഡ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കടലിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ഭിത്തികളും തകര്‍ന്ന നിലയിലാണ്. കടല്‍ക്ഷോഭം തടയാനിട്ട കരിങ്കല്ലുകള്‍ കടലിലേക്ക് പതിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നു. മൂന്നര മീറ്ററോളം കടല്‍ കയറിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകളുടെ വൈദ്യുതി പൂര്‍ണമായും വിഛേദിച്ചിട്ടുണ്ട്. തൂവപ്പാറ മുതല്‍ പൊയില്‍ക്കാവ് വരെയുള്ള ഹാര്‍ബര്‍ റോഡും തകര്‍ന്നു.