വടകര: വടകര പട്ടണത്തില്‍ കുറച്ചുകാലം മുമ്പ് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി കമേഴ്സ്യല്‍ എംപ്ലോയീസ് യൂനിയന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാണ്ടി യൂനിയന്‍ വടകര ഏരിയ കമ്മിറ്റി നഗരസഭാ ചെയര്പേഴ്സണനു നിവേദനം നല്കി.
നിലവിലുള്ള ട്രാഫിക് സംവിധാനം വടകര ടൗണിലെ കച്ചവട സ്ഥാപനങ്ങളെയും അതുകൊണ്ട് ജീവിക്കുന്ന നിരവധി തൊഴിലാളികളെയും സാരമായി ബാധിച്ചതായി യൂനിയന്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം കഷ്ടപ്പെടുന്ന തൊഴിലാളികള്‍ ഏറെയാണ്. പഴയ ബസ് സ്റ്റാന്റ് പരിസരത്തെ സ്ഥാപനങ്ങള്‍ പൂട്ടേണ്ട വക്കിലെത്തിനില്‍ക്കുകയാണ്. ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും കച്ചവട സ്ഥാപനങ്ങള്‍ പൂട്ടാതെ നിലനിര്‍ത്താനും പഴയ ട്രാഫിക് സംവിധാനം പുനഃസ്ഥാപിക്കണം. ലിങ്ക് റോഡില്‍ നിന്നു പുറപ്പെടുന്ന മുഴുവന്‍ ബസുകളും പഴയ സ്റ്റാന്റില്‍ നിന്നു തന്നെ പുറപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരണമെന്നും നിവേദനത്തില്‍ പറഞ്ഞു. പി. ഹരിദാസന്, കെ.ടി.പ്രേമന്, വി.കെ.സത്യനാഥന്, കെ.പ്രസാദ് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.