നാദാപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ വ്യാപാരിക്ക് 29 വര്‍ഷം കഠിന തടവും പിഴയും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. കല്ലാച്ചി പയന്തോങ്ങ് സ്വദേശി അമ്മുക്കുട്ടി വീട്ടില്‍ രാജീവനെയാണ് (62) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കുന്ന ദിവസം വീടിന്റെ മുകള്‍ നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയാണ് ഉണ്ടായത്. ഈ സംഭവത്തോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്.
നാദാപുരം എസ്ഐ എസ്.ശ്രീജി രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം നടത്തി സിഐ ഫായിസ് അലിയാണ് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തു നിന്ന് രണ്ട് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ പി.എം.ഷാനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിച്ചു.