വടകര: ടി.പി രക്തസാക്ഷിത്വത്തിന് ഇന്ന് 12 വയസ്. തുടിക്കുന്ന സ്മരണയില്‍ ഒഞ്ചിയത്തും പരിസരത്തും ആര്‍എംപിഐ നേതൃത്വത്തില്‍ പ്രഭാതഭേരി നടന്നു. ഒഞ്ചിയത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പണവും പ്രതിജ്ഞപുതുക്കലും നടത്തി. ജില്ലാ സെക്രട്ടറി കെ.ചന്ദ്രന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പചക്രം സമര്‍പിച്ചു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്ക്കോടതി വിധിയില്‍ വെറുതെ വിട്ട കെ.കെ.കൃഷ്ണന്,
ജ്യോതി ബാബു എന്നിവരെ ശിക്ഷിച്ചതുമായ പശ്ചാത്തലത്തില്‍ സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമായതായി എന്‍.വേണു പറഞ്ഞു. തുടരന്വേഷണത്തിലൂടെ ഉന്നതരുടെ പങ്കുകൂടി വ്യക്തമായിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തുള്ളപ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീറുമായ ഇ.പി ജയരാജന്, ബിജെപിയുടെ ചുമതലയുള്ള ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സംഘവരിവാറിന് ഊര്‍ജം പകരുന്നതായി. വടകരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വര്‍ഗീയ-വിദ്വേഷ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍.വേണു പറഞ്ഞു.
ഏരിയാ സെക്രട്ടറി ടി.കെ.സിബി അധ്യക്ഷത വഹിച്ചു. വി.കെ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.കെ.രമ എംഎല്‍എ, വിശ്വന് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. വൈകുന്നേരം ഓര്‍ക്കാട്ടേരിയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും. ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി.ദേവരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.