തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി.എന്‍.പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂര്‍ സ്ഥാനാര്‍ഥിത്വം കെ.മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്.
എന്നാല്‍ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ഥിത്വവുമായി ബന്ധമില്ലെന്ന് പ്രതാപന് പ്രതികരിച്ചു. പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താന്‍. പുതിയ ചുമതലയോടു നീതി പുലര്‍ത്തും. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തെ ചുമതല കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയും.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റമാണ് കോണ്‍ഗ്രസ് വരുത്തിയത്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയുമാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കുകയാണ്.