കൊയിലാണ്ടി: മാഹിയില്‍ നിന്ന് മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി. കെഎല്‍ 02 വൈ 4620 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കൊയിലാണ്ടി ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഡീസലുമായി പിടികൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണ് ഡീസല്‍ കടത്തിനു പിന്നില്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്സ്മെന്റ് കമ്മീഷണര്‍ വി.പി.രമേശന്റ നിര്‍ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ടിപ്പറില്‍ കടത്തുകയായിരുന്ന ഡീസല്‍ പിടികൂടിയത്. ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്ഫോമില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കൊണ്ടു പോയന്നത്. ഡീസല്‍ വിതരണം ചെയ്യുന്നതിന് പ്രത്യേകതരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. എസ്ഡി ടാക്സ്, എഎസ്ടി, സെസ് അടക്കം 3,03,760 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ഇ.കെ.ശിവദാസന്‍, അസി. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ.പി.രാജേഷ്, ഡ്രൈവര്‍ ബിനു എന്നിവര്‍ നേതൃത്വം നല്കി. -സുധീര്‍ കൊരയങ്ങാട്