വടകര: തെരുവോര ജീവിതത്തെ ചേര്‍ത്തു പിടിച്ചും പുസ്തകങ്ങള്‍ വിഷുക്കൈനീട്ടമായി സ്വീകരിച്ചും മണിയൂര്‍ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ വിഷു ആഘോഷം വേറിട്ടതായി. വടകരയിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വിഷുക്കോടിയും വിഷുക്കൈനീട്ടവും നല്‍കിയായിരുന്നു തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ വ്യത്യസ്തമായ വിഷു ആഘോഷം.
ഇതോടൊപ്പം പ്രശസ്ത ഗായകന് വി.ടി.മുരളിയില്‍ നിന്നു ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് പുസ്തകങ്ങള്‍ വിഷുക്കൈനീട്ടമായി സ്വീകരിക്കുകയും ചെയ്തു. വി.ടി.മുരളിയുടെ നാദാപുരം റോഡിലെ മഞ്ജിമയില്‍ എത്തിയാണ് ലൈബ്രറി പ്രവര്‍ത്തകര്‍ പുസ്തക കൈനീട്ടം സ്വീകരിച്ചത്. തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് തന്റെ പുസ്തകശേഖരത്തില്‍ നിന്നു അച്ഛന് വി.ടി.കുമാരന്റേതടക്കം വായനാ പ്രാധാന്യമുള്ള പുസ്തകങ്ങള്‍ ലൈബ്രറിക്ക് കൈമാറാന്‍ ആഗ്രഹിച്ചതെന്ന് വി.ടി.മുരളി പറഞ്ഞു. ചടങ്ങില്‍ പ്രതാപ് മോണാലിസ, ശശികലമുരളി, വി.ടി.ലെനിന്, സൈദ് കുറുന്തോടി, സി.വി.ലിഷ, സലീന സൈദ്, ടി.പി.രാജീവന് എന്നിവര്‍ സംബന്ധിച്ചു.