പത്തനംതിട്ട: ആറന്മുളയില് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന പരാതിയില്‍ രണ്ട് പോളിങ് ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്ഷന്. കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ച് കള്ളവോട്ട് നടത്തിയെന്ന പരാതിയിലാണ് നടപടി. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് എല്‍ഡിഎഫ് നല്കിയ പരാതിയെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ ബിഎല്‍ഒയെ വിളിച്ചു വരുത്തി അന്വഷണം നടത്തി.
ശനിയാഴ്ചയായിരുന്നു കള്ളവോട്ട് നടന്നത്. ആറ് വര്‍ഷം മുന്‍പ് മരിച്ച കരിത്തോട്ട മുറിയില്‍ വാഴയില്‍ വടക്കേചരുവില്‍ അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്യുകയായിരുന്നു.
കിടപ്പ് രോഗിയായ മരുമകള്‍ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചതെന്നും സീരിയല്‍ നമ്പര്‍ മാറി എഴുതുകയായിരുന്നു എന്നുമാണ് വിശദീകരണം. സീരിയല്‍ നമ്പര്‍ മാറി എഴുതിയതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ബിഎല്‍ഒ പറയുന്നു. മരിച്ച അന്നമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യാന്‍ പലതവണ അപേക്ഷ നല്‍കിയതാണെന്നും പറയുന്നു.
കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസ് അധ്യാപിക ദീപ, മണ്ണങ്കരഞ്ചിറ ജി യുപിഎസ് അധ്യാപിക കലാ എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പോലീസ് കേസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.