വടകര: സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു തുടര്‍ച്ചയായി ആദ്യമായി വടകരയില്‍ എത്തിയ ഷാഫി പറമ്പിലിന് നല്കിയ സ്വീകരണം പോലെയായിരുന്നു വിജയശ്രീലാളിതനായ ഷാഫിയെ വരവേല്‍ക്കാനും എത്തിയവരുടെ ബാഹുല്യം. കോഴിക്കോട്ടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് നിയുക്ത എംപിയായി വടകര എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആയിരങ്ങളുണ്ടായി. വടകര ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ഇളകിമറിയുകയായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ച് ലീഡ് ഏറി വന്ന് തുടങ്ങിയതോടെ വടകര ടൗണിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഷാഫി വരുമെന്ന വിവരം അറിഞ്ഞതോടെ പല ഭാഗത്ത് നിന്നും പ്രവര്‍ത്തകരെത്തി. ഷാഫി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം പതിന്മടങ്ങ് ഇരട്ടിക്കുകയായിരുന്നു. ഈ ആവേശം അദ്ദേഹത്തെ നേരില്‍ കണ്ട് അഭിവാദ്യം അറിയിക്കുന്നതുവരെ നീണ്ടു. അടുത്ത ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ ഷാഫി പര്യടനം നടത്തും.