വടകര: ഐടി ഉദ്യോഗസ്ഥനില്‍ നിന്ന് ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറിനെ (24) പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷും സംഘവും അറസ്റ്റ് ചെയ്തു. കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ് പല ഘട്ടമായി ഇത്രയും പണം തട്ടിയെടുത്തത്. തട്ടിപ്പിലെ ബാക്കി കണ്ണികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ലൈന്‍ മുഖേന പാര്‍ട്ട്ടൈം ബെനിഫിറ്റ് സ്കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന് കെണിയില്‍പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇത് മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ചു ലക്ഷം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂത്തുപറമ്പില്‍ ജോലി ചെയ്യുന്ന റെഡിമെയ്ഡ് സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എഎസ്എൈ: രജീഷ് കുമാര്‍, എസ്സിപിഒ സി.സുരേഷ്, സിപിഒ സുമേഷ് എന്നിവരും ചേര്‍ന്നായിരുന്നു കേസ് അന്വേഷിച്ചത്.