വടകര: വടകരയുടെ വികസന വഴിയില്‍ കുതിപ്പേകാന്‍ സംഘടിപ്പിച്ച സംവാദം നാടിന് പുതുമയായി. കെ.കെ.ശൈലജയുടെ വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന വികസന സംവാദം സമഗ്ര ചര്‍ച്ചക്കു വേദിയായി.
ജോണ്‍ ബ്രിട്ടാസ് എംപി മോഡറേറ്ററായ പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഒന്നര പതിറ്റാണ്ട് എംപിയുടെ ഇടപെടല്‍ ഫലപ്രദമായി ഇല്ലാതെ പോയ ലോക്സഭാ മണ്ഡലമായാണ് വടകരയെ വിശേഷിപ്പിച്ചത്. നടക്കാതെ പോയ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്ന പദ്ധതികള്‍ പങ്കുവെച്ചും സംവാദം മുന്നേറി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാതെ, ജന വിരുദ്ധമായ കേന്ദ്ര നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാതെ നില
കൊണ്ട വടകരയിലെ യുഡിഎഫ് എംപിമാര്‍ക്കെതിരെ വിവിധ ജനപ്രതിനിധികള്‍ പ്രതിഷേധമുയര്‍ത്തി.
വയനാട്ടിലും വടകരയിലുമെല്ലാം വന്യജീവി അക്രമങ്ങള്‍ പതിവായപ്പോള്‍ കേന്ദ്ര വനം മന്ത്രിയെ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കാന്‍ പോയ സംഘത്തില്‍ ഒരിക്കല്‍ പോലും കെ.മുരളീധരനോ രാഹുല്‍ ഗാന്ധിയോ ഉണ്ടായിരുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എംപിയായാല്‍ നാടിന്റെ സമഗ്രവികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിപുലമായ യോഗം ചേര്‍ന്നതിന് ശേഷം വികസന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു. കൃഷി, വ്യവസായം, ആരോഗ്യം, തൊഴില്‍, ഗതാഗതം, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലെയും ഭാവി വികസനത്തിനായി വഴി തുറന്ന സംവാദത്തില്‍ 36 പേര് നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു.
രാജ്യം അതിസങ്കീര്‍ണമായ പ്രതിസന്ധികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മാത്രമല്ല, വിശ്വപൗരയായ കെ.കെ.ശൈലജയെ സ്നേഹപൂര്‍വ്വം ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടി. കൃഷ്ണ കൃപാ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ടി പി രാമകൃഷ്ണന്, പി മോഹനന്, എം കെ ഭാസ്കരന്, കെ ടി കുഞ്ഞിക്കണ്ണന്,രമേശന് പാലേരി തുടങ്ങിയവര്‍ പങ്കെടുത്തു.