മുക്കാളി: മീത്തലെ മുക്കാളിയില്‍ ദേശീയപാതയോരത്ത് മണ്ണിടിഞ്ഞ സംഭവത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന അലംഭാവത്തില്‍ പ്രതിഷേധം. സമീപത്തെ വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത് സംബന്ധിച്ച വിഷയം രമ്യമായി പരിഹരിക്കാത്തതിനെതിരെ നാട്ടുകാര്‍ ദേശീയപാതയില്‍ കുത്തിയിരിപ്പു നടത്തി പ്രതിഷേധിച്ചു.
മണ്ണിടിഞ്ഞതിന് അടുത്തുള്ള വീട്ടുകാരെ അപകടസാധ്യത കണക്കിലെടുത്ത് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനായി നിശ്ചയിച്ച വീടിന്റെ വാടക താങ്ങാനാവാത്തതാണെന്നു കരാര്‍ കമ്പനി നിലപാടെടുത്തു. ഇതോടെ വീടു മാറുന്നത് അനിശ്ചിതത്വത്തിലായി. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്ന് രാവിലെ നാട്ടുകാര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സമരം വാഹനഗതാഗതത്തെ ബാധിച്ചു. സംഭവമറിഞ്ഞ് പോലീസ് രംഗത്തെത്തിയതിനു പിന്നാലെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.