തലശേരി: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനു വിരാമം. തലശ്ശേരി-മാഹി ബൈപ്പാസ് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പിക്കും. ദേശീയപാത 66ല്‍ തിരുവനന്തപുരം ബൈപ്പാസിന്റെ ഭാഗമായ മുക്കോല-കാരോട് റീച്ചിന്റെ സമര്‍പ്പണവും 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. 1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റര്‍ തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ ഡോ. തമിഴിശൈ സൗന്ദര്രാജന്, കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പുതുച്ചേരി മരാമത്ത് മന്ത്രി കെ.ലക്ഷ്മിനാരായണന് തുടങ്ങിയവരും പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി ദേശീയപാതാ അതോറിറ്റി കേരള റീജനല്‍ ഓഫിസര്‍ ബി.എല്‍.മീണ ഇന്നലെ ബൈപ്പാസില്‍ പരിശോധന നടത്തി. ട്രയല്‍ റണ്ണിനായി ഒരു വശം തുറന്നപ്പോള്‍ മുതല്‍ വാഹനങ്ങള്‍ റോഡില്‍ പ്രവേശിക്കാന്‍ തുടങ്ങി. മുഴപ്പിലങ്ങാട് മഠം ജംഗ്ഷനിലും അഴിയൂരും സ്ഥാപിച്ചിരുന്ന തടസ്സങ്ങള്‍ മാറ്റി രാത്രി ഏഴരയോടെ ബൈപാസ് പൂര്‍ണമായും തുറന്നു. സര്‍വീസ് റോഡുകളും തുറന്നിട്ടുണ്ട്.