തലശ്ശേരി: എരഞ്ഞോളിയില്‍ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് എങ്ങനെ വന്നുവെന്നതില്‍ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതിലും വ്യക്തത വന്നിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂ മാഹിയില്‍ രൂപപ്പെട്ട സിപിഎം-ബിജെപി സംഘര്‍ഷത്തിന് പിന്നാലെ പോലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ ഘട്ടത്തില്‍ ബോംബ് മാറ്റിയതാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം മേഖലയില്‍ നിന്ന് കൂടുതല്‍ ബോംബുകള്‍ കണ്ടെത്താനായിട്ടില്ല.
പോലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.