വടകര: വാഹനാപകട കേസില്‍ പോലീസ് ക്ലീന്‍ ചീട്ട് നല്കി സഹായിച്ച ആളെ കോടതി ശിക്ഷിച്ചു. ചെരണ്ടത്തൂര്‍ കൊല്ലന്‍കണ്ടി സലീമിനാണ് (46) വടകര മജിസ്ട്രേറ്റ് എ.എം.ഷീജ പിഴശിക്ഷ വിധിച്ചത്. തോടന്നൂര്‍ അമ്പലമുക്ക് മൊയിലോത്ത് പറമ്പത്ത് രാജേഷ് (48) നല്കിയ സ്വകാര്യ അന്യായത്തിലാണ് നടപടി.
2022 ഡിസംബര്‍ ഏഴിന് രാവിലെ രാജേഷ് സ്കൂട്ടറില്‍ തോടന്നൂരില്‍ നിന്ന് അമ്പലമുക്കിലെ വീട്ടിലേക്ക് പോകവെ കൂഞ്ഞിക്കണ്ടി മുക്കില്‍ വെച്ച് സലീം ഓടിച്ച കാര്‍ രാജേഷിന്റെ സ്കൂട്ടറില്‍ ഇടിച്ചു. റോഡില്‍ തെറിച്ചു വീണ് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട രാജേഷ് വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ദന്തല്‍ ക്ലിനിക്കിലും ചികിത്സ തേടി.
വടകര പോലീസ് രാജേഷിന്റെ പരാതിയില്‍ കേസെടുത്തെങ്കിലും പീന്നീട് പോലീസ് വാദിയെ പ്രതിയാക്കുകയായിരുന്നു. രാജേഷിനെ പ്രതിചേര്‍ത്ത് കുറ്റപത്രം ബോധിപ്പിക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്ന് രാജേഷ് അഡ്വ.പി.പി.സുനില്‍ കുമാര്‍ മുഖാന്തരം മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. രാജേഷിന്റെയും രണ്ടു ദൃക്സാക്ഷികളുടേയും മൊഴിയെടുത്ത മജിസ്ട്രേറ്റ് സലീമിനെതിരെ കേസെടുക്കുകയുമായിരുന്നു.
പോലീസ് തുണച്ച സലീമാവട്ടെ പിന്നീട് കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആയിരം രൂപ പിഴയടക്കാനും അയ്യായിരം രൂപ രാജേഷിന് നഷ്ടപരിഹാരം നല്‍കാനും മജിസ്ട്രേറ്റ് ഉത്തരവിട്ടു.