വടകര: അഴിയൂര്‍-മുഴപ്പിലങ്ങാട് ബൈപ്പാസ് യാഥാര്‍ഥ്യമായപ്പോള്‍ അഴിയൂര്‍ മൂന്നാംവാര്‍ഡിലെ കാരോത്ത്മുക്ക് ഭാഗത്തുകാര്‍ക്ക് കൂട്ട് ദുരിതം. ഇവിടത്തെ പിഡബ്ല്യുഡി റോഡ് തകര്‍ന്ന് തരിപ്പണമായി. മഴയത്ത് വെള്ളം ഒഴുകിപ്പോകാനാവാതെ റോഡില്‍ കെട്ടി നില്‍ക്കുന്നത് ദുരിതം കൂട്ടി. ഈ ചെളിവെള്ളത്തിലൂടെ എങ്ങനെ പോകാനാവുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കാല്‍നടക്കാരും വാഹനയാത്രക്കാരും ഒരു പോലെ കഷ്ടത്തില്‍.
സമീപത്ത് കൂടെ ബൈപ്പാസ് പണിതതോടെയാണ് റോഡ് ഈ രൂപത്തിലായത്. ആറു മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് നാലു മീറ്ററായി ചുരുങ്ങിയതിനു പുറമെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഇല്ലാതാവുകയും ചെയ്തതോടെ നാട്ടുകാരുടെ യാത്ര പരുങ്ങലിലായി. ഇപ്പോള്‍ കഷ്ടിച്ച് ഒരു വലിയവാഹനത്തിനു മാത്രം കടന്നു പോകാനേ പറ്റൂ. എതിര് ഭാഗത്ത് നിന്ന് വാഹനം വന്നാല്‍ കുടുങ്ങിയതു തന്നെ.
പലപ്പോഴും മാഹിയില്‍ ഗതാഗതം തടസ്സപ്പെടുമ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന സമാന്തരപാതക്കാണ് ഇത്തരമൊരവസ്ഥ. മാഹി റെയില്‍വെ സ്റ്റേഷന് മുതല്‍ അഴിയൂര്‍ ചുങ്കം വരെ സുഗമമായി യാത്ര ചെയ്യാമായിരുന്നു. ഇതാണ് കാരോത്ത്മുക്ക് ഭാഗത്ത് കുപ്പിക്കഴുത്തുപോലെയായത്. റോഡ് പൂര്‍ണമായും പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടിനിന്ന് തോടിന് സമാനമായി. നിലവില്‍ കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് പോകുന്നത്. പരിസരവാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ കാര്യമാണ് അതിലേറെ കഷ്ടം.
അഴിയൂര്‍ ഗ്രാമപഞ്ചായത്തും പിഡബ്ല്യുഡിയും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പെട്ടെന്നു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി