തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഒരു പൗരന് വോട്ടിംഗ് പ്രക്രിയയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണ്. ഇലക്ഷന് കമ്മീഷന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും അല്ലെങ്കില്‍ ഓണ്‍ലൈനായും അനായാസം വിവരങ്ങള്‍ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണ്.
2024 മാര്‍ച്ച് 18 വരെയുള്ള കണക്ക് പ്രകാരം 2,72,80,160 വോട്ടര്‍മാരാണ് കേരളത്തിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
1,40,95,250 സ്ത്രീകളും 1,31,84,573 പുരുഷന്മാരുമാണ് പട്ടികയിലുള്ളത്. 3,70,933 യുവ വോട്ടര്‍മാരും 309 ഭിന്നലിംഗ വോട്ടര്‍മാരും പട്ടികയിലുണ്ട്.
25358 ബൂത്തുകളില്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകളാണുള്ളത്. ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകളും 2776 മാതൃക ബൂത്തുകളുമാണുള്ളത്. ഇത്തവണ കൂടുതല്‍ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം. പോസ്റ്റല്‍ വോട്ട് സമര്‍പ്പിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉണ്ടാകുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.