വടകര: ഹൈക്കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ഇളവിന് അവകാശമില്ലെന്ന് വിധിക്കുകയും ചെയ്ത ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ ശ്രമിക്കുന്ന പിണറായി ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആവശ്യപ്പെട്ടു. നീതിവ്യവസ്ഥയ്ക്കും മുകളിലാണ് തങ്ങളെന്നും തങ്ങള്‍ എന്തും തീരുമാനിക്കുമെന്ന ധിക്കാരവുമാണ് ടി.പി.കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കമെന്നും കേരളം ഇതംഗീകരിക്കില്ലെന്നും വേണു പറഞ്ഞു. വടകരയിലെ ജനവിധി ടി.പി.യെക്കൊന്ന സിപിഎമ്മിന് എതിരാണ്. അതുകൊണ്ടു
കൂടിയാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം തോറ്റമ്പിയത്.
തെരഞ്ഞെടുപ്പില്‍ തോറ്റ് നാണം കെട്ടിട്ടും ജനങ്ങള്‍ക്കെതിരെ നീങ്ങാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് കൊടുംക്രിമിനലുകളെ ജനങ്ങള്‍ക്കിടയില്‍ തുറന്നു വിടാനെടുക്കുന്ന തീരുമാനം. ടി.കെ.രജീഷും മുഹമ്മദ് ഷാഫിയും അണ്ണന് സിജിത്തുമൊന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിക്കുന്നവരല്ല എന്നും വേണു പറഞ്ഞു. പുതുതായി രൂപീകരിച്ച ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണിവര് ജയിലില്‍ കഴിയുന്നത്. ജയിലിലിരുന്നും പൊതു സമൂഹത്തെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്തടക്കം ക്രിമിനല്‍ കേസില്‍ പ്രതികളായവരാണ്. ഇഷ്ടം പോലെ നിയമവിരുദ്ധപരോളും വിനോദസഞ്ചാരവും കല്യാണം കഴിക്കലും കല്യാണം കൂടലും ജന്മദിനാഘോഷവും മദ്യസേവയും ചോറൂണുമെല്ലാം നടത്തി പൊതുസമൂഹത്തിനെ വെല്ലുവിളിച്ച് നടക്കുന്ന ക്രിമിനലുകളെ ഒരു പൊലീസ് സൂപ്രണ്ട് വിടാന്‍ നിര്ദ്ദേശിക്കില്ലെന്നറിയാം. ജയില്‍ഉപദേശക സമിതിയില്‍പോലും കയറിക്കൂടിയ സിപിഎം നേതൃത്വത്തിന്റെ കല്പനയാണ് സൂപ്രണ്ട് ശിരസാവഹിക്കുന്നത്. പാര്‍ട്ടി തീരുമാനം നടപ്പാക്കി നിരവധി കൊലപാതകക്കേസില്‍ പ്രതികളായവര്‍ സത്യം ഒരു നാള് വിളിച്ചു പറയുമോ എന്ന ഭയം സിപിഎം നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടാണ് ഓരോരുത്തരെ
ആയി പുറത്തുവിടാന്‍ ശ്രമിക്കുന്നത്. ഇതിനെ കോടതിയില്‍ നേരിടുമെന്നും ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എന്‍.വേണു വ്യക്തമാക്കി.