എടച്ചേരി: മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വേങ്ങോളി പാലത്തിന്റെ ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാര്‍. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്. എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവര്‍ വാദ്യഘോഷ അകമ്പടിയോടെയുള്ള ഘോഷയാത്രയുടെ ഭാഗമായി. പായസം വിതരണവും ഉദ്ഘാടന ചടങ്ങിനു ശേഷം ഗാനമേളയും ആഘോഷത്തിനു മാറ്റുകൂട്ടി.
പുതിയ പാലം നാടിന് സമര്‍പ്പിച്ചതോടെ എടച്ചേരി, പുറമേരി, നാദാപുരം ഭാഗങ്ങളിലുള്ളവര്‍ക്ക് വടകര, വില്ല്യാപ്പള്ളി ഭാഗങ്ങളിലേക്കും തിരിച്ചും എളുപ്പം എത്തിച്ചേരാനുള്ള മാര്‍ഗമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതയും ഇതിനോടൊപ്പം വര്‍ധിക്കുന്നു.
ദേശീയ ജലപാത മാനദണ്ഡമനുസരിച്ച് ജലയാനങ്ങര്ക്കു കടന്നുപോകാനായി ജലനിരപ്പില്‍ നിന്ന് ഒന്‍പത് മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കനാല്‍ ബണ്ട് റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി ഇരുഭാഗത്തും രണ്ട് അണ്ടര്‍ പാസുകളോടെയും നിര്‍മ്മിച്ച പാലത്തിന് മൊത്തം 62 മീറ്റര്‍ നീളമുണ്ട്. ഏഴ് മീറ്റര്‍ വീതിയില്‍ റോഡും ഇരുവശത്തും ഫുട്പാത്ത് ഉള്‍പെടെ പാലത്തിന് 11.30 മീറ്റര്‍ വീതിയാണുള്ളത്. പാലവും അപ്രോച്ച് റോഡും രണ്ട് അണ്ടര്‍ പാസുകളും ഉള്‍പെടെ പ്രവൃത്തിക്ക് 17.26 കോടി രൂപയാണ് ചെലവഴിച്ചത്.
ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തീകരിച്ച പാലം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചിട്ടാണ് നിര്‍മ്മിച്ചത്.