കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അഭിലാഷ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് നേതൃത്വം. കൊലപാതകി സിപിഎം പ്രവര്‍ത്തകനാണെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതായി കണ്ടു. സിപിഎമ്മിനെ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലുള്ളതെന്ന് സിപിഎം ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കൊല ചെയ്ത പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സിപിഎം പ്രവര്‍ത്തകനല്ല. എട്ടു വര്‍ഷം മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഗള്‍ഫില്‍ കുറച്ചു കാലം ജോലി ചെയ്തതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി മെഡിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏതോ പ്രൈവറ്റ് കമ്പനിയുടെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. യാതൊരു
പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തില്‍ വെച്ച് പി.വി.സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തില്‍ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്ന് ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന് ആവശ്യപ്പെട്ടു.