ഇരിങ്ങല്‍: എംഎല്‍എ ഫണ്ടുപയോഗിച്ച് ഇരിങ്ങലില്‍ നിര്‍മ്മിച്ച പകല്‍വീട് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയതിനാല്‍ ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വയോജന പരിചരണവും സംരക്ഷണവും കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹികപ്രശ്നങ്ങളിലൊന്നാണ്. ഒരു എം.എല്‍.എയുടെ കാലത്ത് ആരംഭിച്ച പകല്‍വീടിന്റെ പ്രവൃത്തി പിന്നീട് വന്ന എംഎല്‍എ പൂര്‍ത്തീകരിക്കുന്നു. ഇതിനെയാണ് വികസന തുടര്‍ച്ച എന്ന് പറയുന്നത്. പകല്‍വീടുകളിലൂടെ വയോജനങ്ങള്‍ക്ക് ഒരുമിച്ചിരിക്കാനുള്ള അവസരം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പകല്‍വീട് പദ്ധതികളുടെ ഭാഗമായാണ് ഇരിങ്ങലും പകല്‍വീട് നിര്‍മ്മിച്ചത്. മുന്‍ എം.എല്‍.എ കെ ദാസന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും നിലവിലെ എംഎല്‍എ കാനത്തില്‍ ജമീലയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 22 ലക്ഷം രൂപയും ചെലവഴിച്ചാണ് പകല്‍വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് കോട്ടക്കല്‍, ഷജ്മിന, മഹിജ എളോടി, പി യം ഹരിദാസന്, റിയാസ് പി എം, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പത്മശ്രീ പള്ളിവളപ്പില്‍ സ്വാഗതവും മഞ്ജുഷ ചെറുപ്പനാരി നന്ദിയും പറഞ്ഞു