വടകര: കാഫിര്‍ എന്ന പേരില്‍ വ്യാജ പോസ്റ്റിട്ടതിനു പിന്നില്‍ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ വെളിപ്പെടുത്തി. സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
ആര്‍എംപിഐ ദേശീയസമിതി അംഗം കെ.എസ്.ഹരിഹരന്റെ വീടിനു നേരെയുണ്ടായ അക്രമത്തിനെതിരെ യുഡിഎഫ്-ആര്‍എംപിഐ നേതൃത്വത്തില്‍ വടകരയില്‍ നടന്ന ബഹുജനപ്രതിഷേധ യോഗത്തില്‍ സംസാരിക്കവെയാണ് ഡിസിസി പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തല്‍.
മതേതരത്വത്തിന്റെ വിളനിലമായ വടകരയില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചുള്ള പോസ്റ്റിട്ട ആളെ പിടിക്കാതെ പോലീസ് സിപിഎമ്മിന്റെ പോഷക സംഘടന ആവാനാണ് ശ്രമിക്കുന്നതെന്ന് പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അടങ്ങിയിരിക്കാന്‍ യുഡിഎഫും ആര്‍എംപിയും തയ്യാറല്ലെന്ന് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. വ്യാജ പോസ്റ്റിട്ട ആളെ പിടികൂടിയില്ലെങ്കില്‍ യുഡിഎഫും ആര്‍എംപിയും റൂറല്‍ എസ്പി ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ പാറക്കല്‍ അബ്ദുള്ള, എന്‍.വേണു തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ഗീയ പ്രചരണക്കാര്ക്കും വടകരയുടെ സമാധാനം തകര്ക്കുന്നവര്ക്കുമെതിരെ അഞ്ചു വിളക്ക് ജംഗ്ഷനു സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കോട്ടയില്‍ രാധാകൃഷ്ണന്, ഒ.കെ.കുഞ്ഞബ്ദുള്ള, എന്‍.പി.അബ്ദുള്ള ഹാജി, സുനില്‍ മടപ്പള്ളി, സതീശന് കുരിയാടി, ബാബു ഒഞ്ചിയം, വി.കെ.പ്രേമന് എന്നിവര്‍ നേതൃത്വം നല്കി.