വടകര: ഭാവനകള്‍ക്ക് നിറം ചാലിച്ചൊരുക്കിയ ചിത്രങ്ങളുമായി പതിനൊന്ന് ചിത്രകാരികള്‍. ഇവരുടെ സൃഷ്ടികള്‍ ആസ്വാദകരെ വിസമയിപ്പിക്കുന്നു. ചിത്രപ്രദര്‍ശനം വടകര എടോടിയിലെ ‘കചിക’ ആര്‍ട് ഗ്യാലറിയില്‍ തുടങ്ങി. ‘വേവ്സ്’ എന്ന പേരില്‍ ആരംഭിച്ച പ്രദര്‍ശനം ചരിത്ര ഗ്രന്ഥകാരന് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ജോളി എം.സുധന്, സുചിത്ര ഉല്ലാസ്, അമ്പിളി വിജയന്, സുരേഖ, നിഷ ഭാസ്കരന്, മനീഷ മുറവശ്ശേരി, ലിസി ഉണ്ണി, റജിന കെ.എ,
ഷീന പി.കെ, സുലൈഖ എം.പി, സ്വാതി മോഹന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. എല്ലാ ചിത്രങ്ങളും വൈവിധ്യങ്ങളാല്‍ സമ്പന്നം. അക്രിലിക് മീഡിയത്തിലുള്ള മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആസ്വാദകരെ ഭ്രമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരി ഹാജിറ കെ.എം. അധ്യക്ഷത വഹിച്ചു. രമേശ് രഞ്ജനം ആശംസകള്‍ നേര്‍ന്നു. ജോളി എം.സുധന് സ്വാഗതവും അമ്പിളി വിജയന് നന്ദിയും പറഞ്ഞു. 23 വരെ കചിക ആര്‍ട് ഗ്യാലറിയില്‍ പ്രദര്‍ശനമുണ്ടാവും.