വടകര: വാഹനാപകടത്തില്‍ പരിക്കുപറ്റിയ യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പരാതിക്കാരനെ പ്രതിയാക്കി കേടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. ഇതേ തുടര്‍ന്ന് കോടതിയില്‍ സ്വകാര്യ അന്യായം നല്കിയ യുവാവിന്റെ പരാതിയില്‍ ഇടപെട്ട കോടതി യഥാര്‍ഥ പ്രതിക്കെതിരെ കേസെടുത്തു.
തോടന്നൂര്‍ അമ്പലമുക്കിലെ മൊയിലോത്ത് പറമ്പത്ത് രാജേഷ് (48) നല്കിയ സ്വകാര്യ അന്യായത്തിലാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ചെരണ്ടത്തൂര്‍ സ്വദേശി കൊല്ലന്‍കണ്ടി സലീമിനെതിരെ (46) ഇന്ത്യന്‍ ശിക്ഷാനിയമം 279, 338 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സലീം മാര്‍ച്ച് 18 ന് കോടതിയില്‍ ഹാജരാകണം.
7-12-2022 നു രാവിലെ 9.15 മണിക്ക് സ്കൂട്ടറില്‍ തോടന്നൂരില്‍ നിന്ന് അമ്പലമുക്കിലേക്ക് പോകുകയായിരുന്ന രാജേഷിനെ കുഞ്ഞിക്കണ്ടി പീടികക്ക് സമീപം വെച്ച് സലീം ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രാജേഷിന്റെ രണ്ട് പല്ലുകള്‍ പൊട്ടിപ്പോവുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ പരാതി പ്രകാരം വടകര പോലീസ് കേസെടുത്തെങ്കിലും രാജേഷിന്റെ സ്കൂട്ടര്‍ കാറിനിടിച്ചെന്ന നിഗമനത്തില്‍ രാജേഷിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം ബോധിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് രാജേഷ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
രാജേഷിന്റെയും രണ്ടു ദൃക്സാക്ഷികളുടെയും മൊഴി എടുത്ത കോടതി ആശുപത്രിരേഖകള്‍ പരിശോധിക്കുകയും ചെയ്തു. വസ്തുത ബോധ്യപ്പെട്ട കോടതി സലീമിനെതിരെ കേസെടുത്തിരിക്കുകയാണ്. രാജേഷിനു വേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.