കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പോലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ അടുത്ത ദിവസം പോലീസ് കോടതിയില്‍ ഹാജരാക്കും. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മര്‍ദത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ
കുടുംബം പറഞ്ഞത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പോലീസ് നേരത്തെ തെരച്ചില്‍ ആരംഭിച്ചിരുന്നു. യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം നടത്തിയത്.