തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങി. 21ന് കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
ഇന്നലെ രാത്രിയാണ് ദുബായില്‍നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയുടെ മകനും ആണുണ്ടായിരുന്നത്.
ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. സ്വകാര്യ സന്ദര്‍ശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാളെ തിരിച്ചെത്തും. ഇന്ന് ദുബായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.