ആലപ്പുഴ: 15 വര്‍ഷം മുമ്പ് മാന്നാറില്‍ യുവതിയെ കാണാതായ സംഭവത്തില്‍ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. കല എന്ന യുവതിയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
15 വര്‍ഷം മുമ്പ് കാണാതായ മാന്നാര്‍ സ്വദേശി കലയുടേത് കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2008ലാണ് കലയെ കാണാതായത്.
കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. ഇസ്രായേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. നിലവില്‍ അഞ്ച് പേര് കസ്റ്റഡിയിലുണ്ടെന്നും ടാങ്കില്‍ രാസവസ്തു ഉപയോഗിച്ചു എന്ന് സംശയിക്കുന്നുണ്ടെന്നും ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭര്‍ത്താവ് അനില്‍ നാട്ടിലെത്തിയാല്‍ മാത്രമേ ഉറപ്പിച്ച് പറയാന്‍ കഴിയൂ എന്ന് പോലീസ് പറയുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ.
സംഭവത്തില്‍ കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ സഹോദരീഭര്‍ത്താവ് അടക്കം അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.