കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ മുന്നോട്ടുവെച്ച ആശയങ്ങൾ വരും തലമുറകളിലേക്ക് പകരാനും മറ്റ് പരിസ്ഥിതി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുമായി രൂപംകൊണ്ട ‘പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ’ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമാവും. ജൂൺ 5 മുതൽ ഒരാഴ്ചക്കാലം ശോഭീന്ദ്ര വാരമായി ആചരിക്കും. ഇതിന് പുറമേ പ്രൊഫ. ശോഭീന്ദ്രൻ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം, പരിസ്ഥിതി കോഴ്സുകൾ,
പരിസ്ഥിതി പ്രസിദ്ധീകരണം, പരിസ്ഥിതി പഠന യാത്രകൾ തുടങ്ങിയ വയും സംഘടിപ്പിക്കും.
ജൂൺ അഞ്ചിന് ഫൗണ്ടേഷന്റെ പ്രഖ്യാപനവും ശോഭീന്ദ്ര വാരത്തിലെ ആദ്യ ദിവസത്തെ ഇനമായ ശോഭീന്ദ്ര വൃക്ഷങ്ങളുടെ നടീലും നടക്കും. സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും വൃക്ഷത്തൈകൾ നടാൻ ആളുകൾ സന്നദ്ധരായിട്ടുണ്ട്. ശോഭീന്ദ്ര വാരത്തിന്റെ രണ്ടാം ദിവസം ‘അമ്മു’ എന്ന പരിസ്ഥിതി ഹൃസ്വചിത്രം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രദർശിപ്പിക്കും. മൂന്നാം ദിവസം അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കും. നാലാം ദിവസം പരിസ്ഥിതി പ്രശ്നോത്തരിയും അഞ്ചാം ദിവസം പരിസ്ഥിതി പഠന യാത്രയുമാണ്. ആറാം ദിവസം ‘ശോഭീന്ദ്ര വര’ എന്ന പേരിൽ ചിത്രരചന പരിപാടി
സംഘടിപ്പിക്കും. ഏഴാം ദിവസം കുറ്റ്യാടിയിൽ പരിസ്ഥിതി സംഗമത്തോടെ വാരം സമാപിക്കും. പ്രൊഫ. ശോഭീന്ദ്രൻ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് പരിസ്ഥിതി കോഴ്സുകൾ, പരിസ്ഥിതി പ്രസിദ്ധീകരണം തുടങ്ങിയവ സംഘടിപ്പിക്കുക.
വർഷാരംഭത്തിൽ തുടങ്ങുന്ന കോഴ്സ് ഒരു വർഷം കൊണ്ട് അവസാനിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. പരിസ്ഥിതി പ്രസിദ്ധീകരണം ആദ്യം ഡിജിറ്റൽ ആയി തുടങ്ങുകയും പിന്നീട് അച്ചടി രൂപത്തിലേക്ക് മാറുകയും ചെയ്യും. പരിസ്ഥിതി പഠന യാത്രകൾ ടൂറിസ്റ്റ് മാപ്പുകളിൽ ഉൾപ്പെടാത്ത പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ആണ് നടത്തുക.
ശോഭീന്ദ്ര വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ ആവശ്യമായ വൃക്ഷത്തൈകൾ ജൂൺ നാലിന് രാവിലെ 11 മണിക്ക് കോഴിക്കോട് മാനാഞ്ചിറ പരിസരത്തു നിന്നും വിതരണം
ചെയ്യും.ആവശ്യമുള്ള സ്കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടുകപ്രൊഫ.ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഭാരവാഹികൾ: ദീപേഷ് കരിമ്പുങ്കര, ഇ കെ സുരേഷ് കുമാർ (രക്ഷാധികാരികൾ), വടയക്കണ്ടി നാരായണൻ (പ്രസിഡൻറ്), ഷജീർഖാൻ വയ്യാനം, കെ മുഹമ്മദ് ഇഖ്ബാൽ (വൈസ് പ്രസിഡണ്ട്മാർ), സെഡ് എ സൽമാൻ (സെക്രട്ടറി), സുമ പള്ളിപ്രം, മുഹമ്മദ് ഇസ്മായിൽ (ജോ സെക്രട്ടറിമാർ), എം ഷെഫീഖ് (ട്രഷറർ), ജയനി ബെൻ ഹെയിം (കോ -ഓർഡിനേറ്റർ).ദീപേഷ് കരിമ്പുങ്കര, വടയക്കണ്ടി നാരായണൻ, സെഡ് എ സൽമാൻ, എം ഷഫീഖ്, സുമ പള്ളിപ്രം, ഷജീർഖാൻ വയ്യാനം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.