കൊയിലാണ്ടി: സിപിഎം ലോക്കല്‍ സെക്രട്ടറി സത്യനാഥനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അഭിലാഷിന്റെ അറ്സ്റ്റ് വൈകീട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐ മെല്വിന് ജോസഫാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
കൊലപാതകത്തിന് ശേഷം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അഭിലാഷ് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ എടച്ചേരി സ്റ്റേഷനിലേക്ക് രാത്രി തന്നെ പ്രതിയെ മാറ്റിയിരുന്നു. എടച്ചേരി സ്റ്റേഷനില്‍ എത്തിയാണ് സിഐ അറസറ്റ് രേഖപ്പെടുത്തിയത്.
കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ വിട്ടുകിട്ടാന്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ സംഭവം നടന്ന പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രത്തില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ആയുധം കണ്ടെത്തി
സത്യനാഥനെ കൊലപ്പെടുത്താനായി പ്രതി അഭിലാഷ് ഉപയോഗിച്ച ആയുധം വൈകീട്ടോടെ കണ്ടെത്തി. ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍ നിന്നാണ് നേര്‍ത്ത മൂര്‍ച്ചയേറിയ കറുത്ത പിടിയുള്ള കത്തി കണ്ടെത്തിയത്. എടച്ചേരി സ്റ്റേഷനില്‍ വെച്ചുള്ള ചോദ്യം ചെയ്യലില്‍ ആയുധം ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് ഇയാള്‍ വിവരം നല്‍കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനും പുറത്താക്കിയ ശേഷം തന്നെ ഒറ്റപ്പെടുത്താനും സത്യനാഥന് ശ്രമിച്ചെന്ന ചിന്തയാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അഭിലാഷ് പോലീസിന് മൊഴി നല്കി.
കഴുത്തിലടക്കം ഏറ്റ ആഴത്തിലുളള ആറ് മുറിവുകളാണ് സത്യനാഥന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നാണ് വിവരം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള 14 അംഗ സംഘത്തിന് കേസിന്റെ അന്വേഷണ ചുമതല.