വടകര: മേമുണ്ടയില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യസംഘടനയായ തളിര് സൗഹൃദസംഘം സേവന രംഗത്ത് പുതിയ അധ്യായം രചിക്കുന്നു. പാലിയേറ്റീവ് ഉപകരണസമര്പണവും എന്‍ഡോവ്മെന്റ് വിതരണവും 19ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗങ്ങള്‍ മൂലം പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന വിവിധ
ഉപകരണങ്ങള്‍ സൗജന്യമായി നല്കുന്ന പദ്ധതിയില്‍ ഫോള്‍ഡിങ് കട്ടില്, കിടക്ക, എയര്‍ ബെഡ്, വീല്‍ചെയര്‍, വാക്കര്‍, സ്ട്രെച്ചര്‍ തുടങ്ങിയ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഉള്‍പ്പെടെയുളളവ അടുത്തഘട്ടത്തില്‍ സജ്ജമാക്കും. പാലിയേറ്റീവ് പ്രവര്‍ത്തനവും തളിര് ലക്ഷ്യമിടുന്നു. മേമുണ്ട സ്വദേശിയും കെഎസ്ഇബി ലൈന്മാനുമായിരുന്ന സി.കെ.ബിജുവിന്റെ സ്മരണക്കായി ഏര്‍പെടുത്തിയതാണ് എന്‍ഡോവ്മെന്റ്. തളിരിന്റെ പ്രവര്‍ത്തനമേഖലയില്‍ വിദ്യാഭ്യാസരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കാണ് ഈ എന്‍ഡോവ്മെന്റ് നല്‍കുന്നത്. മടപ്പള്ളി ഗവ.കോളജില്‍ നിന്ന് കഴിഞ്ഞവര്‍ഷം ബികോം പരീക്ഷയില്‍ ഒന്നാം സ്ഥാനവും കാലിക്കറ്റ്സര്‍വ്വകലാശാലയില്‍ ഏഴാം റാങ്കും നേടിയ കെ.പി.നര്ത്തനയ്ക്കാണ് ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ്. മേമുണ്ടയിലെ കളിച്ചാട്ട് നാണുവിന്റെയും സുധയുടെയും മകളാണ് നര്‍ത്തന. 10000 രൂപയും മൊമന്റോയുമാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് സി.കെ.ബിജുവിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് നല്‍കുന്നത്.
കെ.പി.നര്‍ത്തന
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മേമുണ്ട സ്റ്റെപ്സ് നഴ്സറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.പിയൂഷ്.എം.നമ്പൂതിരിപ്പാട് വിതരണം നിര്‍വഹിക്കും. വിവിധ കലാസംസ്കാരിക, കായിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതജയം നേടിയവരെയും എല്‍എസ്എസ്
ജേതാക്കളെയും ചടങ്ങില്‍ അനുമോദിക്കും.ആറുമണിക്ക് പ്രദേശവാസികളുടെ കലാവിരുന്നുണ്ടാകും. 7.30-ന് ഓസ്കാര്‍ മനോജും സംഘവും നയിക്കുന്ന ലൈവ് സ്റ്റേജ് ഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ.ബിജു, എം.സജീവന്, കെ.കെ.സിനീഷ്, ഇ.കെ.ഷിബു എന്നിവര്‍ പങ്കെടുത്തു.