പുറമേരി: സസ്പെന്‍ഷനിലായ മുന്‍ ബ്ലോക്ക് പ്രസിഡന്റിനെ തിരിച്ചെടുത്തതിനെ ചൊല്ലി പുറമേരിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മണ്ഡലത്തിലെ 34 ഓളം മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്ക്കാന് തീരുമാനിച്ചു.
അരൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൊസൈറ്റി പ്രസിഡന്റും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന മരക്കാട്ടേരി ദാമോദരനെ ഡിസിസി പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം ഇയാളെ തിരിച്ചെടുത്തതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കീഴ്ഘടകങ്ങളോട് ആലോചിക്കാതെയാണ് തിരിച്ചെടുത്തതെന്ന് ആരോപിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള യോഗ തീരൂമാനം. 34 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ബ്ലോക്ക് ജനറല്‍ സെക്രട്ടരി രവി അമ്പ്രോളി, പഞ്ചായത്ത് മെമ്പര്‍മാരായ ബീന കല്ലില്‍, റീത്ത കണ്ടോത്ത്, മണ്ഡലം ഭാരവാഹികളായ പി.എം.നാണു, സി.ടി.കെ അമ്മത്, ചിറയില്‍ കാസിം, കോടികണ്ടി പ്രദീഷ് ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചത്. ചിലര്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായും അറിയുന്നു.