ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് പൂര്‍ണാര്‍ഥത്തില്‍ പാലിക്കാത്തതിനെതിരെ എസ്ബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ബാങ്കിനോട് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിക്കയച്ച നോട്ടീസില്‍ നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ പണം നല്കിയ ആളെക്കുറിച്ചും ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് പണം വാങ്ങിയതെന്നുമുള്ള കാര്യം മനസിലാക്കാന്‍ സാധിക്കൂ.
പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ കോടതി അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ബോണ്ട് വഴി നല്കിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെയാണ് തെരഞ്ഞെടുപ്പു കമീഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള 22,217 ബോണ്ടുകളുടെ വിവരങ്ങളാണ് എസ്ബിഐ നല്‍കിയത്.