ആയഞ്ചേരി: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച കടമേരി എംയുപി സ്കൂള്‍ അധ്യാപിക മാഷിദ അബ്ദുല്‍ മജീദിന്റെ ആകസ്മിക വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിതുമ്പുകയാണ് നാട്ടുകാരും സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും. പാഠ്യ-പാഠ്യേതര രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മാഷിദ നിരവധി തവണ ഉപജില്ല ശാസ്ത്ര മേളകളില്‍ സ്കൂളിന് വിജയകിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. സദാ പുഞ്ചിരി തൂകി സൗമ്യഭാവത്തില്‍ കുട്ടികളുമായി ഇടപെടുന്ന മാഷിദയുടെ ക്ലാസ് കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായിരുന്നു. ടീച്ചറുടെ വിയോഗത്തിലൂടെ പ്രഗത്ഭയായ ഒരു അധ്യാപികയെയാണ് സ്കൂളിന് നഷ്ടമായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്കൂളില്‍ സേവനം ചെയ്തുവന്ന ടീച്ചര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റിലും മാഷിദ ഇടം പിടിച്ചിരുന്നു.
വേനലവധിക്ക് അടച്ചതിനുശേഷം സ്കൂളില്‍ നടന്ന വിവിധ യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ശാരീരിക പ്രയാസങ്ങളോ പറയത്തക്ക അസുഖങ്ങളോ ഒന്നുമില്ലാത്ത ടീച്ചര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീഴുകയും ഉടനെ ആയഞ്ചേരിയിലും പിന്നീട് വടകരയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍ ഒരു നോക്ക് കാണാന്‍ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. സ്വദേശമായ കാമിച്ചേരിയിലും ഖബറടക്കം നടന്ന കടമേരി ജുമാമസ്ജിദിലും വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മയ്യിത്ത് നിസ്കാരം നടന്നത്.