വടകര: ഒരിക്കല്‍ നേടുന്ന വിജയത്തെ അളക്കേണ്ടത് ആ ഒരു പ്രകടനം മാത്രം മുന്നിര്ത്തിയാവരുതെന്നും ആ വിജയത്തിലേക്കെത്താന്‍ അയാള്‍ താണ്ടിയ വഴികളെയും കൂടി കണക്കിലെടുക്കണമെന്നും ഷാഫി പറമ്പില്‍ എംപി. കെ.കെ.രമ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനം ‘വിജയാരവം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളുടെയും ദുരന്തങ്ങളുടെയും ഇന്നലെകളില്‍ നിന്ന് വിജയത്തിലേക്ക് തളരാതെ കുതിക്കുകയെന്നതാവണം നമ്മുടെ ശക്തി. ഇന്ന് മനുഷ്യരിലെ പ്രതിഭകള്‍ക്ക് വളരാനും പ്രശസ്തരാവാനും ഒട്ടേറെ വഴികളും സാധ്യതകളുമുണ്ട്. നന്മയിലേക്ക് ചുവടുവെക്കുന്ന ഭാവി കരുപ്പിടിപ്പിക്കാനും നാടിന്റെ നന്മയുടെ പേരാവാനും യുവതയ്ക്കു കഴിയട്ടെ എന്നും എം.പി ആശംസിച്ചു. എം.പി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മണ്ഡലത്തിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഷാഫി പറമ്പിലിന്റേത്.
വടകര ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈബ് വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.ടി.മോഹന്‍ദാസ് അധ്യക്ഷനായി. ഡോ.ശശികുമാര്‍ പുറമേരി ബോധവത്കരണ ക്ലാസ് നടത്തി. കെ.കെ.രമ എംഎല്‍എ ആമുഖ ഭാഷണം നടത്തി. നൂറുമേനി നേടിയ സ്കൂളുകള്‍ക്കുള്ള ട്രോഫിയും പ്രശസ്തി പത്രവും ഷാഫി പറമ്പില്‍ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത്, ടി.പി.മിനിക, ആയിഷ ഉമ്മര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമന്, ഡിഇഒ എം.രേഷ്മ, സയന്‍സ് സെന്റര്‍ എംഡി രജീഷ് തേറത്ത്, എം.എന്‍.പ്രമോദ്, കെ.സജീവന് എന്നവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും എംഎല്‍എ ഉപഹാരം നല്കി.