കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂൾവിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ നടത്തിവരുന്ന വാഗ്ഭടാനന്ദ എജ്യു പ്രോജക്റ്റിൽ പങ്കാളികളാകാൻ അവസരം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എട്ടാംക്ലാസിൽ പഠിക്കുന്നവർക്കാണു പ്രവേശനം.
ജില്ലയെ എട്ടു മേഖലകളായി തിരിച്ച് ഓരോ പ്രാദേശികകേന്ദ്രത്തിലും 30 വിദ്യാർത്ഥികൾവീതം 240 കുട്ടികൾക്കാണ് ഓരോവർഷവും അവസരം.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനത്തും പുറത്തുമുള്ള പ്രഗത്ഭരായ അധ്യാപകരും ശാസ്ത്രജ്ഞരും സൗജന്യമായി ക്ലാസുകൾ നൽകും. ക്യാമ്പുകൾ, പഠനയാത്രകൾ, പഠനഗവേഷണസ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങളും നടത്തിവരുന്നു. പദ്ധതിയിലെ പരിപാടികൾക്ക് ഐഎസ്ആർഒ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, റീജണൽ സയൻസ് സെൻ്റർ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി മുതലായ പ്രശസ്തസ്ഥാപനങ്ങളുടെ അക്കാദമികസഹായം ഉണ്ട്. സന്നദ്ധക്കൂട്ടായ്മകളാണ് മേഖലാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നയിക്കുന്നത്.
മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. തൊണ്ണൂറു മിനിറ്റുള്ള പരീക്ഷയിൽ ഏഴാം ക്ലാസ് സിലബസിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും മാനസികശേഷി പരിശോധിക്കാനുള്ള ചോദ്യങ്ങളും ഉണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലുള്ള അറുപതു ചോദ്യങ്ങളാണ് ആകെ ഉണ്ടാവുക. ഓരോ ശരിയുത്തരത്തിനും നാലു മാർക്കു വീതം. തെറ്റുന്ന ഓരോ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്കും ഉണ്ടാകും.ഓരോ കേന്ദ്രത്തിലും ഏറ്റവും ഉയർന്ന സ്കോർ നേടുന്ന മുപ്പതു
കുട്ടികളെയാണ് ആ കേന്ദ്രത്തിലേക്കു തെരഞ്ഞെടുക്കുക. 2024 ജൂൺ 30 ഞായറാഴ്ച 10 30 മുതൽ 12 മണിവരെയാണു പരീക്ഷ. https://www.ulvep.in എന്ന വെബ് സൈറ്റിൽ 2024 ജൂൺ 26-നു വൈകുന്നേരം അഞ്ചു മണിക്കുമുൻപു രജിസ്റ്റർ ചെയ്യണം. അതിൽനിന്നുള്ള അഡ്മിഷൻ ടിക്കറ്റ് പ്രിൻ്റൗട്ടുമായിവേണം പരീക്ഷയ്ക്ക് എത്താൻ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.പ്രാദേശികകേന്ദ്രങ്ങളിൽ ഒരു വർഷം പൂർത്തിയാക്കുന്നവരിൽനിന്നു തെരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് അടുത്ത വർഷം മുതൽ യുഎൽ സ്പേസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലും ഐഐടി ഫൗണ്ടേഷൻ ട്രെയിനിങ്ങിലും അതുപോലുള്ള മറ്റു പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.
പ്രാദേശികകേന്ദ്രം, പരീക്ഷാകേന്ദ്രം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ: ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ, മടപ്പള്ളി: ജിവിഎച്ച്എസ്എസ് മടപ്പള്ളി (9446576003), നവോദയ കലാവേദി, മേപ്പയിൽ: മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ (9349476047), ചേതന കലാസാംസ്കാരിക വേദി, വട്ടോളി: സംസ്കൃതം ഹൈസ്കൂൾ, വട്ടോളി (9946628011), സി -ഗേറ്റ് കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി (9562734732), പേരാമ്പ്ര HSS റിട്ടയർഡ് സ്റ്റാഫ് അസോസിയേഷൻ: പേരാമ്പ്ര എച്ച്എസ്എസ് (9846817255), ടാലൻ്റ് ബാങ്ക്, കൊയിലാണ്ടി: ജിഎച്ച്എസ്എസ്
കൊയിലാണ്ടി (6235484429), ജനനന്മ റൂറൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി, ഉണ്ണികുളം: ജി.യു.പി.എസ് ഉണ്ണികുളം (9539651437), വാഗ്ഭടാനന്ദ ട്രസ്റ്റ്, കാരപ്പറമ്പ്: വാഗ്ഭടാനന്ദമന്ദിരം, കാരപ്പറമ്പ് (7907654819).വിവരങ്ങൾക്ക്: ടി. കെ. സോമൻ, കോർഡിനേറ്റർ – ഫോൺ: 9495891701; ദാമോദരൻ ടി., ജില്ലാ കോർഡിനേറ്റർ – ഫോൺ: 9447885780.